ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അഡീഷനല്‍ സെഷന്‍സ് കോടതി നിശ്ചയിച്ചതനുസരിച്ചു കേസിലെ 284 സാക്ഷികളില്‍ 280 പേരുടെ വിസ്‌താരമാണ് ഇന്നു മുതല്‍ തുടങ്ങുന്നത്. നാല്പത്തെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന വിസ്താരമാണ് നടക്കുന്നത്.
വള്ളിക്കാട്ട് ടിപിയെ വെട്ടിക്കൊല്ലുന്നതിനു ദൃക്‌സാക്ഷിയായ കെ കെ പ്രസീത്, ടിപിയെ ആശുപത്രിയിലെത്തിച്ച വടകര എസ്‌ഐ പി എം മനോജ് എന്നിവരെയാണ് തിങ്കളാഴ്ചവിസ്‌തരിക്കുക.
സംസ്ഥാന സമിതി അംഗം അടക്കം മുപ്പതോളം സി പി എം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്രയധികം നേതാക്കള്‍ ഒരു കൊലക്കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ 76 പേര്‍ ഉണ്ടായിരുന്നെങ്കിലും രണ്ടു പേര്‍ ഒളിവില്‍ പോവുകയും മറ്റു രണ്ടു പേരെ വിചാരണക്കോടതി പ്രതിസ്ഥാനത്തുനിന്നു നീക്കുകയും ചെയ്‌തിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷ് അടക്കം 15 പേരെ വിചാരണ ചെയ്യുന്നതു ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെ ശേഷിക്കുന്ന 57 പേരാണ് നിലവില്‍ വിചാരണ നേരിടേണ്ടത്.