ടി പി ചന്ദ്രശേഖരന് എസ് എഫ് ഐയുടെ അനുശോചനം. പാലക്കാട്ട് നടക്കുന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തിലാണ് ടി പിയുടെ പേരും ഉള്‍പ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ലിജോ ജോസാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ടുള്ള പ്രമേയത്തില്‍ അവസാന നിമിഷമാണ് ടി പി ചന്ദ്രശേഖരന്റെ പേര് ഉള്‍പ്പെടുത്തിയത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ ടി പിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ടി പിക്കുള്ള അനുശോചനക്കുറിപ്പ് എസ് എഫ് ഐ സംസ്ഥാന നേതൃത്വം എഴുതിത്തയ്യാറാക്കി ലിജോ ജോസിന് നല്‍കുകയായിരുന്നു.
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സി പി എമ്മിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ അറസ്റ്റ് ചെയ്യപ്പെടുകയും പല നേതാക്കളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടി പിക്ക് എസ് എഫ് ഐ അനുശോചനം അര്‍പ്പിച്ചിരിക്കുന്നത് എന്നത് കൌതുകമുണര്‍ത്തുന്ന വസ്തുതയാണ്.
സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും സെക്രട്ടറി പി ബിജുവും ഈ സമ്മേളനത്തില്‍ സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.