ടാങ്കര്‍ ഡ്രൈവര്‍ കീഴടങ്ങി

വെള്ളി, 31 ഓഗസ്റ്റ് 2012 (11:50 IST)
PRO
PRO
കണ്ണൂര്‍ ചാലയില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണയ്യന്‍ കീഴടങ്ങി. കണ്ണൂര്‍ ഡി വൈ എസ് പി ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. അപകടത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് കണ്ണൂര്‍ ചാല ബൈപ്പാസിന് സമീപം അപകടം നടന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ അടുത്തുള്ള വീടുകളിലെ താമസക്കാരോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ ബാഗില്‍ നിന്നാണ് ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചത്.

സംഭവത്തില്‍ ഒന്‍പത് പേര്‍ ഇതുവരെയായി മരിച്ചിരുന്നു. പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടാകുകയും പരിസരത്തെ അഞ്ചു വീടുകള്‍ കത്തിനശിക്കുകയുമായിരുന്നു. വാഹനങ്ങള്‍ക്കും കടകള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചു. കൃഷിസ്ഥലങ്ങള്‍ നശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക