ജേക്കബ്‌ പുന്നൂസിനു ഡി.ജി.പി പദവി

ചൊവ്വ, 10 ജൂണ്‍ 2008 (14:27 IST)
KBJWD
ഇന്‍റലിജന്‍സ് മേധാവി എ.ഡി.ജി.പി ജേക്കബ്‌ പുന്നൂസിനു ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനം ഈ മാസം 23-നു തുടങ്ങാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചതാണിത്. ഗോള്‍ഫ്‌ ക്ലബ്‌ കേസില്‍ തീരുമാനമെടുക്കാന്‍ അഡ്വക്കേറ്റ്‌ ജനറലിനേയും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലിനേയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇ.പി ജയരാജനെ വീണ്ടും ദേശാഭിമാനിയുടെ ജനറല്‍ മാനേജരായി നിയമിച്ചതു സംബന്ധിച്ച ചോദ്യത്തിനു പാര്‍ട്ടി സെക്രട്ടറിയുടെ പത്രസമ്മേളനത്തില്‍ ഉന്നയിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടു കോടി രൂപ ദേശാഭിമാനിക്ക് വേണ്ടി ബോണ്ടിനത്തില്‍ കൈപ്പറ്റിയതിനെ തുടര്‍ന്നാണ് ജയരാജനെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. കടുത്ത പനി മൂലം ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഒന്നര ദിവസത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക