അച്ചടി ദൃശ്യ മാധ്യമങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച വാര്‍ത്തകള്‍ക്കോ പരമ്പരകള്‍ക്കോ ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ് ഖത്തര്‍) ഏര്‍പ്പെടുത്തിയ നാലാമത് മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജെയ്സണ്‍ മണിയങ്ങാട് (ഏഷ്യനെറ്റ് ന്യൂസ്), ടി സോമന്‍ (മാതൃഭൂമി) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ടി. സോമന്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ‘രേഖപ്പെടുത്താതെ പോകുന്ന മരണങ്ങള്‍’ എന്ന പരമ്പരയാണ് അച്ചടി മാധ്യമ രംഗത്തു നിന്നും പുരസ്കാരത്തിന് അര്‍ഹമായത്. ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത ഓര്‍ത്തോ ഓപ്പറേഷനിലെ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ജെയ്സണ്‍ മണിയങ്ങാടിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.
ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം ജി രാധാകൃഷ്ണന്‍, ഗൌരീദാസന്‍ നായര്‍, ജേക്കബ് ജോര്‍ജ്, മാധ്യമ നിരൂപകന്‍ ഡോ. യാസീന്‍ അഷറഫ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനല്‍ 60 ല്‍ അധികം എന്‍ട്രികളില്‍ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ദൃശ്യമാധ്യമ പുരസ്ക്കാരം നേടിയ ജെയ്സണ്‍ മണിയങ്ങാട് കണ്ണൂര്‍ ചെറുപുഴ സ്വദേശിയാണ്. 2002 മുതല്‍ ഏഷ്യനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഡോ. മഞ്ജുവാണ് ഭാര്യ. ജുഹാന്‍, ജോഹന്‍ എന്നിവര്‍ മക്കളാണ്.
1986 മുതല്‍ മാതൃഭൂമി ദിനപത്രത്തില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ ടി. സോമന്‍ ഇപ്പോള്‍ കണ്ണൂരില്‍ മാതൃഭൂമി സ്പെഷള്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു. രാംനാഥ് ഗോയങ്ക പുരസ്കാരം, കേരള സര്‍ക്കാരിന്റെ ജനറല്‍ റിപ്പോര്‍ട്ടിംഗ് പുരസ്കാരം, ശിവറാം അവാര്‍ഡ്, എസ് ബി ടി മാധ്യമ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ സോമന്‍ നേടിയിട്ടുണ്ട്. കെ എസ് അനിതയാണ് ഭാര്യ. ആര്‍ദ്ര, അനിരുദ്ധ് എന്നിവര്‍ മക്കളാണ്.
ഇരുപത്തി അയ്യായിരം ഇന്ത്യന്‍ രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തറില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖര്‍ സംബന്ധിക്കും.