'ജീവപ്രകാശനത്തെ ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ-യതിരപ്പിളളീ നീയെൻ ജന്മശത്രു...'; പിണറായിയുടെ അതിരപ്പള്ളി സ്‌നേഹത്തെ വിമര്‍ശിച്ച് റഫീഖ് അഹമ്മദ്

തിങ്കള്‍, 30 മെയ് 2016 (18:17 IST)
അതിരപ്പിള്ളി പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലും പുറത്തും വിവിധ തലങ്ങളിലായാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. രാഷ്ട്രീയഭേദമന്യേ പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും സര്‍ക്കാര്‍ നിലപാടിനെ അതിശക്തമായി വിമര്‍ശിക്കുമ്പോള്‍ അതിനൊപ്പം അണിചേര്‍ന്നിരിക്കുകയാണ് ഇടതുപക്ഷ സഹയാത്രികനായ റഫീഖ് അഹമ്മദ്.
 
പുതിയ ഇടതുപക്ഷ സര്‍ക്കാരിന്റെ അതിരപ്പള്ളി സ്‌നേഹത്തെ ‘ശത്രു’ എന്ന കവിതയിലൂടെയാണ് വിമര്‍ശിച്ചിരിക്കുന്നത്. കൂടാതെ വിമര്‍ശനത്തിനൊപ്പം പരിഹാസവും കവിതയില്‍ കലര്‍ത്തിയിട്ടുണ്ട്. പരിസ്ഥിതി ഇടതുപക്ഷത്തിന്റെ വര്‍ഗശത്രുവായി മാറിയിരിക്കുന്നുവെന്നും കവി പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം ഈ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
റഫീഖ് അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വന്ന പുതിയ കവിത:
 
*ശത്രു* 
 
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വർഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്നേഹത്തണുപ്പാൽ
ച്ചെടികളെ, പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ-
യതിരപ്പിളളീ നീയെൻ
ജന്മശത്രു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക