ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ കുടുക്കിയത് പ്രതിയോട് അടുപ്പമുള്ള ബന്ധുവാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതി പൊലീസ് പിടിയിലായത്. ഹിന്ദി ചേര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥനോട് അമീറുള്‍ ഇസ്‌ലാമാണ് പൊലീസ് തിരയുന്ന പ്രതിയെന്ന് ഫോണില്‍ വിളിച്ചറിയിച്ചത്. പ്രതി പിടിയിലാകുന്നതിന് ഒരാഴ്ച മുമ്പാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചതെന്നും സൂചനയുണ്ട്. കൂടാതെ കാഞ്ചീപുരത്ത് നിന്നും പ്രതിയെ പിടികൂടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതും ഈ ബന്ധുവായിരുന്നു.
അതേസമയം, കൊലക്കേസ് പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കും. സി ജെ എം കോടതി ചുമതലപ്പെടുത്തുന്ന മജിസ്ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിനായി ജയിലിലെത്തുക.
ഇന്നലെ അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും അതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് തിരിച്ചറിയല്‍ പരേഡിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും തിരിച്ചറിയില്‍ പരേഡ് നടക്കുക.