ജിഷയുടെ കൊലപാതകം: പെരുമ്പാവൂരിൽ സംഘർഷം; രമേശ് ചെന്നിത്തലയുടെ വാഹനം തടഞ്ഞു

ചൊവ്വ, 3 മെയ് 2016 (16:05 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ സംഘർഷം. പെരുമ്പാവൂരില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം ഇടതു യുവജന സംഘടന പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 
 
കേസില്‍ ശക്തമായൊരു അന്വേഷണം നടത്താന്‍ പൊലീസിന് ആയില്ലെന്നും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്നും ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം സംഭവസ്ഥലം സന്ദര്‍ശിക്കാനും മന്ത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കാരണം ആശുപത്രിയിൽ കടക്കാൻ കഴിയാത്തതിനേ തുടര്‍ന്ന് ജിഷയുടെ വീട് മന്ത്രി സന്ദർശിച്ചു.
 
ആശുപത്രി പരിസരത്തെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് താന്‍ സംയമനം പാലിച്ച് തിരികെ വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നിലവില്‍ കസ്റ്റഡിയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക