ജിഷയുടെ കൊലപാതകം: ദളിത് വിഷയങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് പി കെ കൃഷ്ണദാസ്

ചൊവ്വ, 3 മെയ് 2016 (14:35 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. കേരളത്തിലെ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
 
ദളിത് വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു ആത്മാര്‍ത്ഥതയും ഇല്ല. ഡെല്‍ഹിയില്‍ നിര്‍ഭയ സംഭവം നടന്നത് രാത്രിയാണ്. എന്നാല്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജിഷ കൊല്ലപ്പെട്ടത് പട്ടാപ്പകലാണെന്ന വസ്തുത വിഷയത്തിന്റെ ഗൌരവം കൂട്ടുന്നു. ജിഷയുടെ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
 
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടിൽ ജിഷ കൊലചെയ്യപ്പെട്ടത്. ജിഷയോടുള്ള പൂർവവൈരാഗ്യസാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക