ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്ജ് സി പി എം സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത, വിഷ്ണുനാഥും ശ്രീധരന്‍‌പിള്ളയും ഏറ്റുമുട്ടുമ്പോള്‍ വിജയം കൈപ്പിടിയിലൊതുക്കാന്‍ ഇടതുപക്ഷം!

Webdunia
തിങ്കള്‍, 29 ഫെബ്രുവരി 2016 (19:49 IST)
കോണ്‍ഗ്രസ് നേതാ‍വ് ശോഭനാ ജോര്‍ജ്ജ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയാകുമോ? അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശോഭനയ്ക്ക് കോണ്‍ഗ്രസ് സീറ്റുനല്‍കില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കിലും താന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് ശോഭന വ്യക്തമാക്കിയിരിക്കുന്നത്.
 
മൂന്നുതവണ നിയമസഭയില്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ചിട്ടുള്ള ശോഭനയെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി കളത്തിലിറക്കുന്നത് ഗുണം ചെയ്യുമെന്നാണ് സി പി എം വിലയിരുത്തലെന്നാണ് സൂചന. മണ്ഡലത്തിന്‍റെ മുക്കും മൂലയും അറിയാവുന്ന വ്യക്തിത്വമായ ശോഭനാ ജോര്‍ജ്ജിന് മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരിട്ടറിയാം. അതുകൊണ്ടുതന്നെ ഒരു പുതിയ സ്ഥാനാര്‍ത്ഥിയെ ഇറക്കി ഭാഗ്യം പരീക്ഷിക്കുന്നതിനെക്കാള്‍ ശോഭനയ്ക്ക് പിന്തുണ നല്‍കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് സി പി എമ്മിന്‍റെ കണക്കുകൂട്ടല്‍.
 
ആരോപണങ്ങളുടെ നിഴലിലാണെങ്കിലും പി സി വിഷ്ണുനാഥ് തന്നെയായിരിക്കും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സോളാറ് ആരോപണങ്ങളെല്ലാം വിഷ്ണുനാഥിന്‍റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ മങ്ങിപ്പോകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
 
അതേസമയം, കേരളരാഷ്ട്രീയത്തിലെ അതികായനായ പി എസ് ശ്രീധരന്‍ പിള്ളയെയാണ് ബി ജെ പി നേതൃത്വം ചെങ്ങനൂര്‍ പിടിക്കാനായി ഇറക്കുന്നത്. ശ്രീധരന്‍ പിള്ള വന്‍ തോതില്‍ നായര്‍ - ഈഴവ വോട്ടുകള്‍ പിടിക്കുമെന്ന തിരിച്ചറിവ് ഇടതുവലത് മുന്നണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
 
അതേസമയം, ശോഭനാ ജോര്‍ജ്ജിനെ രംഗത്തിറക്കിയാല്‍ പ്രതികൂല സാഹചര്യങ്ങളെല്ലാം അനുകൂല ഘടകങ്ങളാക്കി മാറ്റാന്‍ കഴിയുമെന്നാണ് ഇടതുമുന്നണി വിശ്വസിക്കുന്നത്.