ചീഫ് ജസ്റ്റിസ് നിയമനം: പ്രധാനമന്ത്രിക്ക് കൃഷ്ണയ്യരുടെ കത്ത്

ചൊവ്വ, 19 ജനുവരി 2010 (19:41 IST)
PRO
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തെഴുതി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന് അഴിമതി ആരോപണ വിധേയരാവരെയും ലൈംഗിക ആരോപണം നേരിടുന്നവരെയും ഒഴിവാക്കണമെന്ന് കൃഷ്ണയ്യര്‍ കത്തില്‍ ആവശ്യപ്പെട്ടു.

പൊതുജനത്തിന്‌ ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത കോടതിയെ സംശയത്തിന്റെ നിഴലിലേയ്ക്ക്‌ കൊണ്ടുടുവരരുതെന്നും കൃഷ്ണയ്യര്‍ കത്തില്‍ ആവശ്യപ്പെടുന്നു. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തേയ്ക്ക്‌ പരിഗണിയ്ക്കുന്ന പേരുകളില്‍ ആരോപണവിധേയരും ഉണ്‌ടെന്ന്‌ കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. സ്വഭാവം, കഴിവ്‌, ദേശസ്നേഹം, സാമൂഹിക പ്രതിബദ്ധത എന്നിവ പരിഗണിച്ച്‌ വേണം ഉന്നത നീതിന്യായ പദവികളില്‍ നിയമനം നടത്താന്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് അന്വേഷണം നടത്തിവേണം നിയമനം നടത്താന്‍.

ഈ മാസം 23 ന്‌ സ്ഥാനമൊഴിയുന്ന നിലവിലെ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠിന്‌ പകരമായി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്‌ വി ഗോപാല്‍ ഗൗഡയെ നിയമിയ്ക്കാനുള്ള നീക്കത്തിനെതിരായാണ്‌ അദ്ദേഹത്തിന്റെ പേര്‌ പരാമര്‍ശിയ്ക്കാതെ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ കത്തെഴുതിയിരിയ്ക്കുന്നത്‌.

മൈസൂര്‍ ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട്‌ ജസ്റ്റിസ്‌ ഗോപാല്‍ ഗൗഡയുടെ പേര്‌ ഉയര്‍ന്നുകേട്ട സാഹചര്യത്തിലാണ്‌ കൃഷ്ണയ്യര്‍ രംഗത്ത്‌ വന്നത്‌. മൂന്നംഗ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘം ജസ്റ്റിസ്‌ ഗോപാല്‍ ഗൗഡയ്ക്കെതിരായ ആരോപണം അന്വേഷിയ്ക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക