ചാണകവെള്ളം തളിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

വ്യാഴം, 21 ഏപ്രില്‍ 2011 (09:40 IST)
പട്ടികജാതിയില്‍പ്പെട്ട എ കെ രാമകൃഷ്ണന്‍ റജിസ്ട്രേഷന്‍ ഐ ജി പദവിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ഓ‍ഫിസും കാറും ചാണകവെള്ളം തളിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രജിസ്‌ട്രേഷന്‍ ഐ ജി ഓഫീസിലെ ആര്‍ ആര്‍ സെക്ഷന്‍ യു ഡി ക്ലര്‍ക്ക്‌ ഗിരീഷ്‌കുമാര്‍, വര്‍ക്കല സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ കാര്‍ത്തികേയന്‍, കഴക്കൂട്ടം സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാരന്‍ സുബു എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. പട്ടികജാതി വര്‍ഗ അതിക്രമനിരോധന നിയമപ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പി കെ ജഗദീഷ് ആ‍ണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.

കാര്‍ത്തികേയന്റെ സ്ഥാനക്കയറ്റം എ കെ രാമകൃഷ്ണന്‍ തടഞ്ഞതാണ് അദ്ദേഹത്തോടുള്ള വിരോധത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനുള്ള പ്രതികാരം എന്ന രീതിയില്‍അദ്ദേഹത്തെ അപമാനിക്കാന്‍ മൂവരും ചേര്‍ന്ന് ഗൂഡാലോചന നടത്തുകയായിരുന്നു.
ഓഫീസില്‍ ചാണകവെള്ളം തളിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.

മാര്‍ച്ച് 31 നാണ് രാമകൃഷ്ണന്‍ വിരമിച്ചത്. ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ അപമാനിച്ച സംഭവം അരങ്ങേറിയത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫിസ്‌ മുറിയും കാറും മേല്‍‌ജാതിക്കാരായ കീഴുദ്യോഗസ്ഥര്‍ ചാണകവെള്ളം തളിച്ച് ‘ശുദ്ധീകരിക്കുക’യായിരുന്നു. തുടര്‍ന്ന് രാമകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക