ചര്‍ച്ചയില്‍ തീരുമാനമായില്ല, സ്ത്രീ തൊഴിലാളികള്‍ നിരാഹാരത്തിലേക്ക്

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (20:52 IST)
തോട്ടം തൊഴിലാളികളുടെ വേതനവര്‍ദ്ധന സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത മൂന്നാമത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. 500 രൂപ മിനിമം വേതനമാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടില്‍ തോട്ടമുടമകള്‍ മാറ്റമൊന്നും വരുത്തിയില്ല. 
 
എന്നാല്‍ 500 രൂപയില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് തൊഴിലാളികളും നിലപാടെടുത്തു. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം, ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ബുധനാഴ്ച വീണ്ടും നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
 
സമരം തുടരുമെന്ന നിലപാടിലാണ് ട്രേഡ് യൂണിയനുകള്‍. എന്നാല്‍ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ച മനഃപൂര്‍വം പൊളിക്കുകയായിരുന്നു എന്നും സ്ത്രീ തൊഴിലാളികളെ ട്രേഡ് യൂണിയനുകള്‍ തെരുവിലിറക്കി വിട്ടതായും പൊമ്പിളൈ ഒരുമൈ നേതാവ് ലിസി പറഞ്ഞു. മരണം വരെ നിരാഹാരം കിടക്കുമെന്നും ലിസി പറഞ്ഞു.
 
ബുധനാഴ്ച മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തോട്ടം മേഖലയില്‍ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക