ചര്‍ച്ചകളിലൂടെ പരിഹാരം കാണും: ജോസഫ്

ബുധന്‍, 30 ജൂലൈ 2008 (19:31 IST)
WDWD
പി സി തോമസുമായുളള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ്(ജോസഫ്) നേതൃയോഗം തീരുമാനിച്ചു. ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ പി ജെ ജോസഫിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

പ്രശ്നങ്ങള്‍ തീര്‍ക്കണമെന്നാണ് ആഗ്രഹമെന്ന് പി ജെ ജോസഫ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിട്ട് വീഴ്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം എന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകുന്നത് വരെ ആര്‍ക്കുമെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല. ഉപാധികളില്ലാതെ ആകും ചര്‍ച്ച നടത്തുകയെന്നും ജോസഫ് വെളിപ്പെടുത്തി.

പി സി തോമസും അനുയായികളും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചില്ല. തോമസിനെ യോഗത്തിന് ക്ഷണിച്ചിരുന്നുവെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞു.

പി സി തോമസ് നടത്തിയ കര്‍ഷക സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതായും പി ജെ ജോസഫ് അഭിപ്രാ‍യപ്പെട്ടു.

വെബ്ദുനിയ വായിക്കുക