ഗസ്റ്റ് ലക്ചറെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍
ബുധന്‍, 17 ഏപ്രില്‍ 2013 (14:52 IST)
PRO
PRO
മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി കസ്റ്റഡിയില്‍. മാവേലിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പനവേലി അമ്പലക്കര എബ നേസര്‍ കോട്ടേജില്‍ സിമി (25)യാണ് അറസ്റ്റിലായത്. കൊറ്റാര്‍കാവിന് സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
മാവേലിക്കരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഗസ്റ്റ് ലക്ചററാണെന്ന് പരിചയപ്പെടുത്തിയാണ് ഇവരുടെ തട്ടിപ്പ്. മാര്‍ച്ച് 28ന് രണ്ട് കമ്മലുകള്‍ പണയംവച്ച ഇവര്‍ ഈ മാസം നാലിന് തിരിച്ചെടുത്തിരുന്നു. രണ്ടുദിവസം മുമ്പ് രണ്ട് പാദസരങ്ങള്‍ പണയം വച്ച് 30,000 രൂപ വാങ്ങിയിരുന്നു. ഇന്നലെ രാവിലെ എത്തിയ ഇവര്‍ രണ്ട് പാദസരങ്ങള്‍ കൂടി പണയംവച്ച് 50,000 രൂപ കൂടി ആവശ്യപ്പെട്ടു.
സംശയം തോന്നിയ കടയുടമ ബാങ്കില്‍ നിന്ന് പണമെടുക്കണമെന്ന് പറഞ്ഞ് ഇവരെ കടയില്‍ ഇരുത്തിയ ശേഷം സ്വര്‍ണക്കടയിലെത്തി പാദസരം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലാക്കിയത്. ഇതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. രണ്ടുമാസമായി ഇവര്‍ മാവേലിക്കരയിലുള്ളതായി പൊലീസ് പറഞ്ഞു.