ഗണേഷ് അറിഞ്ഞില്ലേ? അത്ഭുതം തന്നെ! - ഹസന്‍

വെള്ളി, 13 ജൂലൈ 2012 (17:33 IST)
PRO
നെല്ലിയാമ്പതി വിഷയം പഠിക്കാന്‍ യു ഡി എഫിന്‍റെ സമിതി നിലവിലുള്ള കാര്യം വനം‌മന്ത്രി കെ ബി ഗണേഷ്കുമാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതമുളവാക്കുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍. ഇതുസംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന വാദപ്രതിവാദം അനാവശ്യമാണെന്നുപറഞ്ഞ ഹസന്‍ വിവാദം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണെന്നും നിരീക്ഷിച്ചു.

പി സി ജോര്‍ജും ഗണേഷ്കുമാറും നെല്ലിയാമ്പതി വിഷയത്തില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ധനകാര്യമന്ത്രി കെ എം മാണി ആവശ്യപ്പെട്ടു. വിഷയത്തില്‍ നയപരമായ തീരുമാനം യു ഡി എഫ് കൈക്കൊള്ളുമെന്നും മാണി പറഞ്ഞു.

നെല്ലിയാമ്പതി വിഷയത്തില്‍ ഉപസമിതി രൂപീകരിച്ച കാര്യം അന്നുതന്നെ വനംമന്ത്രിയെ താന്‍ അറിയിച്ചിരുന്നുവെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ നേരത്തേ പറഞ്ഞിരുന്നു. മാര്‍ച്ച്‌ 28നാണ്‌ എം എം ഹസന്‍ കണ്‍വീനറായി ഏഴംഗ ഉപസമിതി രൂപീകരിച്ചത്‌. ഇക്കാര്യം അന്നുതന്നെ വനംമന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് തങ്കച്ചന്‍ വ്യക്തമാക്കിയത്.

ഉപസമിതിയുടെ കാര്യം ആരും അറിയിച്ചില്ലെന്നും പത്രങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമുള്ള മന്ത്രി ഗണേശ്കുമാറിന്‍റെ പ്രസ്താവന ശരിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും പറഞ്ഞിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ യു ഡി എഫ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക