കോമണ്‍വെല്‍ത്ത് എക്സ്പ്രസ് തിരുവനന്തപുരത്ത്

ബുധന്‍, 25 ഓഗസ്റ്റ് 2010 (09:23 IST)
കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍റെ പ്രചരണാര്‍ഥം ഇന്‍ഡ്യന്‍ റെയില്‍വേയുടെ കോമണ്‍വെല്‍ത്ത്‌ എക്സ്പ്രസ്‌ ഇന്ന്‌ കേരളത്തിലെത്തും. കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ എത്തുന്ന എക്സ്പ്രസ് ഇന്നും നാളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് സൌജന്യമായി കോമണവെല്‍ത്ത് എക്സ്പ്രസ് കാണാവുന്നതാണ്. തിരുവനന്തപുരത്ത്‌ ഒന്നാമത്തെ പ്ലാറ്റ്ഫോമിലായിരിക്കും കോമണ്‍വെല്‍ത്ത്‌ എക്സ്പ്രസ്‌.

തിരുവനന്തപുരത്ത് രണ്ടു ദിവസം ഉണ്ടാകുന്ന എക്സ്പ്രസ് വെള്ളിയാഴ്ച കൊല്ലത്തും ശനിയാഴ്ച എറണാകുളത്തും പൊതുജനങ്ങള്‍ക്ക്‌ കാണാം. പതിനൊന്ന്‌ കോച്ചുകളാണ് കോമണ്‍വെല്‍ത്ത്‌ എക്സ്പ്രസില്‍ ഉള്ളത്. ഇതില്‍, അഞ്ച്‌ കോച്ചുകളില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍റെ ചരിത്രവും ന്യൂഡല്‍ഹിയിലെ ഒരുക്കങ്ങളുമാണ്‌ തയാറാക്കിയിരിക്കുന്നത്‌.

സ്കൂള്‍ വിദ്യാര്‍ഥികളേയും യുവജനങ്ങളേയും ഉദ്ദേശിച്ചാണ് കോമണവെല്‍ത്ത് എക്സ്പ്രസ് പ്രധാനമായും തയ്യാറായിരിക്കുന്നത്. അതിനാല്‍ തന്നെ ഇതില്‍ രാജ്യത്തെ ഐ ടി വികസനത്തെക്കുറിച്ചുള്ള പ്രത്യേക വിഭാഗവുമുണ്ട്‌. രാവിലെ പത്തരമുതല്‍ രാത്രി 8 മണിവരെയാണ് പൊതുജനങ്ങള്‍ക്ക്‌ പ്രത്യേക ട്രെയിനിലെ പ്രദര്‍ശനം സൗജന്യമായി കാണുന്നതിനുള്ള അവസരം.

ഒന്നാമത്തെ കോച്ചില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍റെ ചരിത്രവും രണ്ടാമത്തെ കോച്ചില്‍ ഗെയിംസ്‌ ഇനങ്ങള്‍ നടക്കുന്ന വേദികളും വേദികളുടെ ചെറുമാതൃകകളും മൂന്നാമത്തെ കോച്ചില്‍ ഗെയിംസിലെ മത്സര ഇനങ്ങളെക്കുറിച്ചുമാണ് വ്യക്തമാക്കുന്നത്. നാലാമത്തെ കോച്ച്‌ രാജ്യത്തെ പ്രമുഖ കായിക താരങ്ങളെക്കുറിച്ചും അഞ്ചാമത്തെ കോച്ച്‌ ഇന്‍ഡ്യന്‍ റെയില്‍വേ രാജ്യത്തെ കായിക വികസനത്തിന്‍്‌ നല്‍കിയ സംഭാവനകളെക്കുറിച്ചുമാണ് വിശദീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക