കോണ്‍‌ഗ്രസ് വിരുദ്ധ മനോഭാവം മാറ്റാതെ പ്ലീനം കൊണ്ടുമാത്രം കാര്യമില്ല: സുധീരന്‍

Webdunia
തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (14:50 IST)
കടുത്ത കോണ്‍ഗ്രസ് വിരുദ്ധ മനോഭാവം സി പി എം മാറ്റാതെ അവര്‍ പ്ലീനം നടത്തിയിട്ടൊന്നും കാര്യമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. സി പി എം നേതാക്കള്‍ കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവറയിലാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
 
കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവറയിലാണ് സി പി എം നേതാക്കളെല്ലാം. അവരുടെ ഈ മനോഭാവം മാറാതെ പ്ലീനം കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പത്തൊന്നാം സ്ഥാപകദിന സമ്മേളനം ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍.
 
അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഭരണത്തുടര്‍ച്ചയ്ക്കായി എല്ലാവരും പ്രയത്നിക്കണം. സോണിയാ ഗാന്ധിയുടെ വരവ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കും - സുധീരന്‍ അഭിപ്രായപ്പെട്ടു.
 
സി പി എമ്മിന്‍റെ കൊല്‍ക്കത്താ പ്ലീനത്തിന്‍റെ ഉദ്ഘാടനവേദിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷേ കോണ്‍ഗ്രസിനോട് മൃദുസമീപനമാണ് സ്വീകരിച്ചത്. ബി ജെ പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച യെച്ചൂരി കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ മുതിര്‍ന്നില്ല.