കോണ്‍ഗ്രസ് നല്‍കിയ സ്ഥാനമാനങ്ങള്‍ നായന്മാര്‍ രാജിവയ്ക്കണമെന്ന് എന്‍‌എസ്‌എസ്

തിങ്കള്‍, 27 മെയ് 2013 (16:52 IST)
PRO
PRO
കോണ്‍ഗ്രസ് നല്‍കിയ സ്ഥാനമാനങ്ങള്‍ നായന്മാര്‍ രാജിവയ്ക്കണമെന്ന് എന്‍‌എസ്‌എസ്. അല്ലെങ്കില്‍ എന്‍എസ്എസ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഫോറസ്റ്റ് ഡിവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാനും നിലപാട് വ്യക്തമാക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തലിനെപ്പറ്റിയുള്ള ഐജിയുടെ അന്വേഷണം പ്രഹസനമാണ്. സാങ്കേതിക വൈദഗ്ധ്യമുള്ള സംഘമാണ് അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രി സ്വന്തമായൊരു മൊബൈല്‍ ഫോണ്‍ കൊണ്ടു നടക്കാത്തതു പോലും ഫോണ്‍ ചോര്‍ത്തുമെന്ന ഭയം മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം എന്‍എസ്എസ് നിര്‍ദേശിച്ചാല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് ഫോറസ്റ്റ് ഡവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ മനോഹരന്‍ പിള്ള പറഞ്ഞു. എന്‍എസ്എസിലൂടെയാണ് തനിക്ക് ഈ സ്ഥാനം ലഭിച്ചത്. അതുകൊണ്ടുതന്നെ എന്‍എസ്എസ് ആവശ്യപ്പെട്ടാല്‍ പൂര്‍ണ മനസോടെ രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കലഞ്ഞൂര്‍ മധു കേരള ബില്‍ഡിങ് വര്‍ക്കേഴ്സ് ബോര്‍ഡ് അംഗസ്ഥാനവും പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗ സ്ഥാനവും രാജിവച്ചു.

വെബ്ദുനിയ വായിക്കുക