കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് രൂക്ഷം, കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷവും ഐ ഗ്രൂപ്പെന്ന് തറയില്‍

ശനി, 16 മെയ് 2015 (14:35 IST)
കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് പൊട്ടിത്തെറിയുടെ വക്കില്‍. പാര്‍ട്ടിയില്‍ മഹാഭൂരിപക്ഷം പേരും ഐ ഗ്രൂപ്പാണെന്നും വേണ്ടിവന്നാല്‍ അത് എവിടെയും തെളിയിക്കാമെന്നും അജയ് തറയിലിന്‍റെ വെല്ലുവിളി. കഴിഞ്ഞ നാലുവര്‍ഷമായി എല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്ന ഐ ഗ്രൂപ്പിന്‍റെ വായിലിട്ടുകുത്തി പ്രകോപിപ്പിക്കുന്നത് ആര്‍ക്കും നല്ലതല്ലെന്നും അജയ് തറയില്‍.
 
സംസ്ഥാനസര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന വി ഡി സതീശന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ കലാപം ഇളക്കിവിട്ടിരിക്കുന്നത്. സതീശന്‍ മന്ത്രിയാകാന്‍ ശ്രമിക്കുകയാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. ഹൈക്കമാന്‍റ് ചമയാന്‍ സതീശന്‍ ശ്രമിക്കേണ്ടെന്ന് കെ സി ജോസഫും മുന്നറിയിപ്പ് നല്‍കി.
 
എന്നാല്‍ സതീശനെ പിന്തുണച്ച് ടി എന്‍ പ്രതാ‍പനും ജോസഫ് വാഴയ്ക്കനും അജയ് തറയിലും രംഗത്തെത്തി. കരുണാകരനെ പിന്നില്‍ നിന്നുകുത്തിയവരാണ് ഇപ്പോള്‍ കുറ്റം പറയുന്നതെന്ന് ഈ നേതാക്കള്‍ ആരോപിച്ചു. കേരളത്തില്‍ വന്ന് ഗ്രൂപ്പ് പറയാന്‍ ദേശീയനേതാവ് ചമയുന്ന കൊടിക്കുന്നില്‍ സുരേഷ് ആയിട്ടില്ലെന്നും ഈ നേതാക്കള്‍ പറയുന്നു. 
 
പറയാന്‍ പാടില്ലാത്ത വാക്കുകളാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതെന്ന് അജയ് തറയില്‍ പറഞ്ഞു. സുരേഷിന്‍റെ വാക്കുകള്‍ ഐ ഗ്രൂപ്പിനെ വ്രണപ്പെടുത്തുന്നതായും തറയില്‍ പറഞ്ഞു.
 
കേരളത്തില്‍ അഴിമതി വര്‍ദ്ധിക്കുകയാണെന്ന എ കെ ആന്‍റണിയുടെ വാക്കുകള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ എ - ഐ ഗ്രൂപ്പ് പോര് രൂക്ഷമായി മാറിയിരിക്കുകയാണ്. ഇതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
 
രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തെത്തിക്കാനുള്ള ഐ ഗ്രൂപ്പിന്‍റെ ശ്രമം മുന്നില്‍ക്കണ്ട് ശക്തമായ പ്രതിരോധവുമായാണ് എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. വരും ദിനങ്ങളില്‍ കോണ്‍ഗ്രസില്‍ പോര് അതിന്‍റെ പാരമ്യത്തിലെത്തുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക