കോണ്‍ഗ്രസിനെ തകര്‍ക്കാനല്ല പുറത്തുവന്നത് - കരുണാകരന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനല്ലെന്ന് എന്‍.സി.പി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമം തുടരും. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷം മാറ്റേണ്ടി വന്നത് പക്വതയില്ലാത്ത ചര്‍ച്ചകള്‍ നടക്കാത്തത് കൊണ്ടാണ്.

കോണ്‍ഗ്രസിനെ നേര്‍വഴിക്ക് നടത്താനാ‍ണ് താന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്നത്. ആ ശ്രമം തുടരും. കോണ്‍ഗ്രസിന്‍റെ ശരിയായ ആശയങ്ങള്‍ പിന്തുടരുന്നത് എന്‍.സി.പിയാണ്. മരണംവരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാനായി ഇറങ്ങിത്തിരിക്കാറുള്ള ഡി.വൈ.എഫ്.ഐ വി.എസ്. അച്യുതാനന്ദന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാത്തത് ദുരൂഹമാണ്.

ദേശാഭിമാനിയിലെ കോഴ വിവാദത്തെക്കുറിച്ച് ഇടതുമുന്നണിയില്‍ ഇനി അഴിമതിക്കാര്‍ അല്ലാത്തത് ആരെന്നായിരുന്നു കരുണാകരന്‍റെ ചോദ്യം. എന്‍.സി.പി നേതാവ് കെ. സാദരിക്കോയയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക