ധനവിനിയോഗ ബില്‍ പാസ്സാക്കാനായി യു ഡി എഫ് കള്ളവോട്ട് ചെയ്തുവെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് മന്ത്രി കെ സി ജോസഫ്. സ്പീക്കറുടെ സഹായത്തോടെ യു ഡി എഫ് കളളവോട്ട് ചെയ്തു എന്ന് ആരോപിച്ച കോടിയേരി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കള്ളവോട്ട് ചെയ്തുവെന്ന ആരോപണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കണമായിരുന്നു. കള്ളവോട്ട് ചെയ്യുന്നത് കമ്മ്യുണിസ്റ്റ് രീതിയാണ്. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് കോടിയേരി പറയുന്നത് സിപിഎമ്മിലെ പ്രശ്നങ്ങള്‍ മറച്ചുപിടിക്കാനാണ് എന്നും കെ സി ജോസഫ് ആരോപിച്ചു.
സ്വാശ്രയ പ്രവേശനത്തില്‍ ഈ വര്‍ഷം ഫലപ്രദമായ നടപടികള്‍ അസാധ്യമാണെന്നും കെ സി ജോസഫ് വ്യക്തമാക്കി. അടുത്ത വര്‍ഷം സ്വാശ്രയ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു.