കോടതി ഇടപെടല്‍ തകര്‍ത്തത് കോടികളുടെ വിലപേശല്‍; അഭിഭാഷകന്റെ ഇടപെടല്‍ കൂടുതല്‍ ദുരൂഹമാകുന്നു?
വെള്ളി, 26 ജൂലൈ 2013 (16:16 IST)
PRO
സോളാര്‍ കേസില്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ ഇടപെടലില്‍ ദുരൂഹതയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. ബാഹ്യശക്തികള്‍ ഇടപെട്ട് നേട്ടമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കോടതി അഭിഭാഷകന്റെ അപേക്ഷ തള്ളിയത്.അഭിഭാഷകന്‍ സൂചന നല്‍കിയതിനു വിരുദ്ധമായി കോടതിയില്‍ സരിത രഹസ്യമൊഴി നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
മൊഴി ജയിലില്‍ച്ചെന്ന് എഴുതി വാങ്ങാനുള്ള അഭിഭാഷകന്റെ അപേക്ഷ തള്ളിക്കൊണ്ട് ബുധനാഴ്ചക്ക് മുന്‍പ് പരാതി ജയില്‍ സൂപ്രണ്ട് വഴി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സരിതയുടെ മൊഴി രേഖപ്പെടുത്തിയാല്‍ അത് പുറത്തു വിടുമെന്ന് കഴിഞ്ഞദിവസം അഭിഭാഷകന്‍ പറഞ്ഞിരുന്നു. മൊഴിയില്‍ സംസ്ഥാന- കേന്ദ്ര മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ സൂചന നല്‍കിയതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേതാക്കളുടെ പേരുകള്‍ പുറത്തു വിടാതിരിക്കാന്‍ വിലപേശല്‍ നടത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മജിസ്‌ട്രേറ്റിന് മുമ്പാകെ സരിത നല്‍കിയ മൊഴിയില്‍ സംസ്ഥാന മന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും ചിലഎംഎല്‍എമാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ സൂചനകള്‍. ഈ വിവരങ്ങള്‍ പുറത്തുവിടുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
ഇതുവഴി വലിയ വിലപേശല്‍ ഫെനി ബാലകൃഷ്ണന്‍ നടത്തിയിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടികളുടെ ഇടപാടാണ് ഇക്കാര്യത്തില്‍ അഭിഭാഷകന്‍ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനകള്‍ ലഭിച്ചു. പേര് വെളിപ്പെടുത്താതിരിക്കാന്‍ ഫെനി മന്ത്രിമാരെയും എംഎല്‍എമാരെയും മറ്റ് നേതാക്കളെയും സമീപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സരിതയുടെ നേരത്തെ സരിത നായരുടെ രഹസ്യ പരാതി കോടതി രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെടിരുന്നു. എന്നാല്‍ സരിത പോലീസ് കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടതോടെ കസ്റ്റഡി അവസാനിപ്പിച്ച് സരിതയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് മൊഴി രേഖപ്പെടുത്താനുള്ള അവസരമൊരുങ്ങിയത്.