പാതയോരത്തെ പൊതുയൊഗങ്ങള്‍ നിരോധിച്ച ജഡ്ജിമാരെ വിമര്‍ശിച്ച കേസില്‍ സി പി എം നേതാവ് എം വി ജയരാജനെതിരെ നടപടിയാരംഭിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. പ്രഥമദൃഷ്ട്യാ കോടതിയലക്‍ഷ്യം ബോധ്യപ്പെട്ട സാഹചര്യത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കോടതിയലക്‍ഷ്യത്തിന് നടപടിയെടുക്കേണ്ടതുണ്ടോ എന്ന വിഷയം 2010 ഒക്ടോബര്‍ 10ന് ഹൈക്കോടതി ഫുള്‍ബെഞ്ച് ചീഫ് ജസ്റ്റിസിനു വിട്ടിരുന്നു. ഈ കേസില്‍ എം വി ജയരാജന്‍ ഈ മാസം 29ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് എ കെ ബഷീറും ജസ്റ്റിസ് പി ക്യു ബര്‍ക്കത്ത് അലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിന്‍റെ ഉത്തരവ് പ്രകാരമാണ് കേസ് ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടത്. കേസ് ജുഡീഷ്യല്‍ തലത്തില്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് ഡിവിഷന്‍ ബെഞ്ചാണ്.
വഴിയോരത്ത് യോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെയാണ് ജയരാജന്‍ വിമര്‍ശിച്ചത്. ന്യായാധിപരെ വ്യക്തിപരമായും വിമര്‍ശിച്ചിരുന്നു. ജൂണ്‍ 27നായിരുന്നു വിവാദമായ പ്രസംഗം.