കൊല്ലം-കോട്ടപ്പുറം ജലപാത ഒക്ടോബറില്‍

വെള്ളി, 22 മാര്‍ച്ച് 2013 (10:23 IST)
PRO
PRO
കൊല്ലം- കോട്ടപ്പുറം ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിലനില്ക്കുന്ന തര്‍ക്കങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം. ചവറയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പകരം ഭൂമികണ്ടെത്തി നല്‍കും വരെ സുനാമി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഫ്ളാറ്റുകളില്‍ താല്ക്കാലികമായി പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശത്തെ ദേവാലയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. ആലപ്പുഴ ജില്ലയില്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മന്ത്രിമാരായ പി ജെ ജോസഫ്, അടൂര്‍ പ്രകാശ്, കെ ബാബു, കേന്ദ്ര ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക