കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. രാവിലെ പത്ത് മണിക്ക് മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി കമല്‍നാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, ചടങ്ങില്‍ നിന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. ധൃതിപിടിച്ച് തറക്കല്ലിടല്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിഎസ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
മെട്രോ റെയില്‍ കാക്കനാട്ടേക്കും നെടുമ്പാശേരി വിമാനത്താവളത്തിലേക്കും നീട്ടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യഘട്ടം ആലുവ മുതല്‍ പേട്ട വരെ 25 കീലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്. മെട്രോ റയില്‍ പദ്ധതിയുടെ നിര്‍മ്മാണചെലവ് 5146 കോടി രൂപയാണ്. ഇതില്‍ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വഹിക്കും. ബാക്കി വരുന്ന തുക ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷനില്‍ നിന്ന് വായ്പയായി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.