കൊച്ചി മെട്രോയുടെ ഉദ്ഘാടന വിവാദത്തിന് പിന്നില്‍ വികസന വിരോധികള്‍: കടകംപള്ളി സുരേന്ദ്രന്‍

ശനി, 20 മെയ് 2017 (14:41 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ വികസന വിരോധികളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെട്രോയുടെ ഉദ്ഘാടനം 30ന് തന്നെ നടക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കടകം‌പള്ളി പറഞ്ഞു. 
 
പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മുമ്പ് മുഖ്യമന്ത്രിമാര്‍ മെട്രോ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയത്തില്‍ ഈ ബിജെപി നേതാക്കള്‍ക്ക് എന്താണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. മെട്രോയുടെ ഉദ്ഘാടനം മെയ് 30ന് നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.  
 
എന്നാല്‍ കടകംപള്ളിയുടെ പ്രസ്താവന വിവാദമായതോടെ മെട്രോ ഉദ്ഘാടനത്തിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന തിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുകയാണ്. മെട്രോ ഉദ്ഘാടനം മെയ് 30ന് നടത്തണമെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. പ്രധാനമന്ത്രിയ്ക്ക് അസൌകര്യമുണ്ടെങ്കില്‍ മറ്റാരെങ്കിലും ഉദ്ഘാടനം ചെയ്യണമെന്ന തരത്തിലുള്ള ആലോചനകള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. 

വെബ്ദുനിയ വായിക്കുക