കൊച്ചിയില്‍ ജാഥ വേണ്ട: ഹര്‍ജി ഫയലില്‍

വ്യാഴം, 28 ജനുവരി 2010 (16:10 IST)
PRO
കൊച്ചി നഗരത്തില്‍ ജാഥകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കൊച്ചി നഗരത്തില്‍ 500ലധികം പേര്‍ പങ്കെടുക്കുന്ന ജാഥകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിക്കവെ സര്‍ക്കാരിനും സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും നോട്ടീസ്‌ അയക്കാന്‍ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫും, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. ഹര്‍ജി സംബന്ധിച്ച് പത്രങ്ങളില്‍ പൊതുനോട്ടീസ് നല്‍കാനും ഉത്തരവിട്ടു. നഗരത്തില്‍ ജാഥകള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസ്സത്തെപ്പറ്റിയുള്ള മാധ്യമ റിപ്പോര്‍ട്ടുകളും ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കൊച്ചിയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ വെല്‍ഫെയര്‍ ആണ് കൊച്ചി നഗരത്തിലെ ജാഥകള്‍ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കൊച്ചി നഗരത്തില്‍ ജാഥകള്‍ നടത്തുന്നത്‌ ജനജീവിതം സ്‌തംഭിപ്പിക്കുമെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക