കൈവെട്ട് കേസില്‍ ശിക്ഷ ഇന്ന് വിധിക്കും

ചൊവ്വ, 5 മെയ് 2015 (08:30 IST)
വിവാദമായ കൈവെട്ട് കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച 13 പ്രതികളുടെ ശിക്ഷയാണ് ഇന്ന് വിധിക്കുക.
 
ഏപ്രില്‍ 30നായിരുന്നു കൈവെട്ട് കേസില്‍ കൊച്ചി എന്‍ ഐ എ കോടതി വിധി പ്രഖ്യാപിച്ചത്. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 18 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. കേസില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായിരുന്നു.
 
ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,  റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും എതിരെ യു എ പി എ നേരത്തെ ചുമത്തിയിരുന്നു. എന്നാല്‍, വിധിപ്രഖ്യാപനത്തില്‍ മൂന്നുപേരെ യു എ പി എ ചുമത്തിയതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തുപേര്‍ക്കെതിരെ യു എ പി എ ചുമത്തി.
 
അതേസമയം, കേസിലെ ഒന്നാം പ്രതി സവാദ്, സവാദിന് ഒപ്പമുണ്ടായിരുന്ന സജില്‍ എന്നിവര്‍ ഒളിവിലാണ്. കൈവെട്ട് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍, ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റ് അഞ്ചുപേര്‍, ഇവര്‍ക്ക് സഹായം നല്കിയ മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേരെയാണ് കോടതി കുറ്റക്കാരായി വിധിച്ചിരിക്കുന്നത്. 
 
വിധിപ്രഖ്യാപനത്തില്‍ വെറുതെ വിട്ടവരില്‍ പലരും ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ജാമ്യം നിഷേധിക്കപ്പെട്ടവരും ആണ്. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക