കൈവെട്ട് കേസില്‍ ഇന്ന് വിധി പറയും

വ്യാഴം, 30 ഏപ്രില്‍ 2015 (08:38 IST)
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ഇന്ന് വിധി പറയും. കൊച്ചി എന്‍ ഐ എ കോടതിയാണ് വിധി പറയുക. കേസില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായിരുന്നു.
 
2010 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഞായറാഴ്ച പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് കുടുംബത്തോടൊപ്പം വീട്ടിലെക്ക് മടങ്ങുകയായിരുന്ന അധ്യാപകനെ തടഞ്ഞുനിര്‍ത്തി കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു.
 
കോളജില്‍ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എക്ക്  കൈമാറുകയായിരുന്നു.
 
എന്‍ ഐ എ  കുറ്റപത്രത്തില്‍ 37 പ്രതികള്‍ ഉണ്ടെങ്കിലും ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. അധ്യാപകന്റെ  കൈവെട്ടിയ മാറ്റിയ  അശമന്നൂര്‍  നൂലേലിക്കര മുടശേഖരി വീട്ടില്‍ സവാദ്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹിയുമായിരുന്ന എം കെ നാസര്‍ അടക്കമുള്ള പ്രതികളാണ് ഇപ്പോഴും  ഒളിവിലുളളത്.
 
ഇതിനുമുന്‍പു രണ്ടു തവണ വിധി പറയാന്‍ കോടതി തീയതി തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക