കേരളത്തെ അവഗണിച്ചു; മധുവിന് മാത്രം പത്മശ്രീ നല്‍കി
ശനി, 26 ജനുവരി 2013 (10:47 IST)
PRO
PRO
രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മ അവാര്‍ഡുകള്‍ 108 പേര്‍ക്ക്. നടന്‍ മധുവിന് പത്മശ്രീ നല്‍കിയപ്പോള്‍ ഗായിക എസ് ജാനകിക്ക് പത്മഭൂഷണ്‍ ലഭിച്ചു. എന്നാല്‍ ഭാരതരത്‌ന പുരസ്‌കാരം ഇത്തവണയും ആര്‍ക്കും നല്‍കിയില്ല. കേരളത്തില്‍ മധുവിന് മാത്രമാണ് ഇത്തവണ പത്മ പുരസ്കാരം ലഭിച്ചത്.
ഒറീസയില്‍ നിന്നുള്ള പ്രമുഖ ആര്‍ക്കിടെക്ടും ശില്‍പിയുമായ രഘുനാഥ് മഹാപത്ര, പെയിന്റര്‍ സയ്യദ് ഹൈദര്‍ റാസ, ശാസ്‌ത്രജ്‌ഞന്‍ പ്രഫ. യശ്‌പാല്‍, ബഹിരാകാശ ശാസ്‌ത്രജ്‌ഞന്‍ പ്രഫ. രൊദ്ദം നരസിംഹ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു.
ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, ലണ്ടന്‍ ഒളിമ്പിക്സ് ബോക്‌സിംഗ് മെഡല്‍ ജേതാവ് മേരികോം, മുന്‍ സെന്‍സെര്‍ ബോര്‍ഡ് ചീഫും നടിയുമായ ഷര്‍മിള ടാഗോര്‍, ഭരതനാട്യം നര്‍ത്തകി ഡോ. സരോജ വൈദ്യനാഥന്‍, ശാസ്‌ത്രജ്‌ഞന്‍ ഡോ. ബിഎന്‍ സുരേഷ്, പ്രമുഖ വ്യവസായി ആദി ഗോദ്‌റേജ് തുടങ്ങി 24 പേര്‍ക്ക് പത്മഭൂഷന്‍ നല്‍കി. ബോളിവുഡ് താരമായിരുന്ന രാജേഷ് ഖന്ന, പഞ്ചാബി ടെലിവിഷന്‍ താരമായിരുന്ന ജസ്‌പാല്‍ ഭട്ടി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി.
80 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ബോളിവുഡ് നടി ശ്രീദേവി, ചലച്ചിത്ര സംവിധായകന്‍ രമേശ് സിപ്പി, നടന്‍ നാനാ പടേക്കര്‍, തെലുങ്ക് നടന്‍ നാഗേശ്വര്‍ റാവു, ബാവുല്‍ ഗായകന്‍ പൂര്‍ണാ ദാസ് ബാവുള്‍ സാമ്രാട്ട് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.