കൊച്ചി മെട്രോ ഇന്നു രാജ്യത്തിനു സമർപ്പിക്കും. ഗതാഗതക്കുരുക്കറിയാത്ത നഗരയാത്രക്ക് ഇനി കണ്ണറ്റത്തെ ആകാശക്കാഴ്ചകൾ കൂട്ടുവരും. ആധുനികതയുടെ വിസ്മയങ്ങൾ നിറച്ച മെട്രോ ട്രെയിനുകളുടെ കോച്ചുകൾ സുരക്ഷ ഒരുക്കും. രാവിലെ 11നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നിലെ പന്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിലെ ആദ്യ മെട്രോ റെയിൽ സർവീസ് ജനങ്ങൾക്കു തുറന്നുകൊടുക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചി നഗരം കനത്ത പൊലീസ് വലയത്തിലാണ്. ഡിജിപി ടി.പി. സെന്‍കുമാര്‍ നേരിട്ടെത്തിയാണ് സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രധാനവേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകള്‍ എന്നിവയുടെ സുരക്ഷാ നിയന്ത്രണം എസ്പിജിയുടെ നിയന്ത്രണത്തിലാണ്.
ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് പ്രത്യേക നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യമെത്തുന്നത് പാലാരിവട്ടം മെട്രോ സ്റ്റേഷനിലായിരിക്കും. ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടായിരിക്കും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. തുടര്‍ന്ന് സെന്റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.