കേരളത്തിന് ആദ്യ തീരദേശ പോലീസ് സ്‌റ്റേഷന്‍

വ്യാഴം, 5 ഫെബ്രുവരി 2009 (12:44 IST)
PROPRO
കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്‌റ്റേഷന്‍ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ ഫെബ്രുവരി ഒമ്പതിന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കരയില്‍ നിന്ന്‌ 12 നോട്ടിക്കല്‍ കിലോമീറ്റര്‍ ചുറ്റളവും തീരദേശത്തിന്‍റെ കുറച്ചു ഭാഗങ്ങളും ഈ പോലീസ്‌ സ്റ്റേഷന്‍റെ പരിധിയില്‍ വരും. കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേക ഫണ്ട്‌ ഉപയോഗിച്ചാണ്‌ സ്റ്റേഷന്‌ ആവശ്യമുള്ള ബോട്ടുകള്‍, ജീപ്പുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ വാങ്ങിയിരിക്കുന്നത്‌. ഹാര്‍ബര്‍ എന്‍ജിനീയറിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്‍റാണ് നീണ്ടകര തീരദേശ പോലീസ് സ്റ്റേഷന് സ്ഥലം നല്‍കിയിരിക്കുന്നത്.

നീണ്ടകര കൂടാതെ മറ്റു ഏഴു തീരദേശപ്രദേശങ്ങളില്‍ കൂടി പോലീസ്‌ സ്റ്റേഷനുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. കേരളത്തിന്‍റെ തീരദേശ സുരക്ഷ കര്‍ക്കശമാക്കാനുള്ള നടപടിയുടെ ഭാഗമായാണിത്‌. ഈ എട്ടു തീരദേശ പോലീസ്‌ സ്റ്റേഷനുകള്‍ കൂടാതെ തീരദേശത്തിനടുത്തുള്ള മറ്റു 67 പോലീസ്‌ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.

ട്രാഫിക്‌ പൊലീസ്‌ വിവിധ കുറ്റങ്ങള്‍ക്കും ട്രാഫിക്‌ നിയമ ലംഘനങ്ങള്‍ക്കും ഈടാക്കുന്ന പിഴ ബാങ്കുകളില്‍ അടയ്ക്കാന്‍ സംവിധാനമൊരുക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു‍. കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയായിട്ടുള്ള തുകയോടൊപ്പം കുറ്റകൃത്യവും വിശദമാക്കുന്ന നോട്ടീസ് നല്‍കും. കേരളത്തിലെ ഏതു ബാങ്കില്‍ വേണമെങ്കിലും പിഴ തുക അടയ്ക്കാനുള്ള സൌകര്യമുണ്ടായിരിക്കും. ധനകാര്യ വകുപ്പുമായി കൂടുതല്‍ ചര്‍ച്ച നടത്തി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക