കേരളത്തിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായി; കൊച്ചി മെട്രൊ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ശനി, 17 ജൂണ്‍ 2017 (12:41 IST)
കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. കെഎംആർ‌എൽ എംഡി ഏലിയാസ് ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ മെട്രോ യാത്രക്കാർക്കായുള്ള കൊച്ചി വൺ സ്മാർട്ട് കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി.  മുഖ്യമന്ത്രി പിണറായി വിജയനാണ് മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്തത്. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു‍. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ‌ നിരാശ തോന്നുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യമെന്നോ സംസ്ഥാനമെന്നോ ഉള്ള വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. 
 
രാവിലെ പത്തേകാലോടെയാണ് പ്രത്യേകവിമാനത്തില്‍ പ്രധാനമന്ത്രി നാവികസേനാ ആസ്ഥാനത്ത് എത്തിയത്. ഗവർണർ പി സദാശിവം,  മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.  കൊച്ചി മേയർ സൗമിനി ജെയിൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, എംപിമാരായ കെ വി തോമസ്, സുരേഷ് ഗോപി, ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രത്യേകമൊരുക്കിയ വേദിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. 

വെബ്ദുനിയ വായിക്കുക