കേരളത്തിന്റെ അവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടു: അടൂര്‍ പ്രകാശ്
വെള്ളി, 22 മാര്‍ച്ച് 2013 (10:30 IST)
PRO
PRO
കേരളത്തിലെ വരള്‍ച്ചയുടെ ഗുരുതരാവസ്ഥ കേന്ദ്രസംഘത്തിന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടതായി റവന്യുമന്ത്രി അടൂര്‍ പ്രകാശ്. 7888 കോടി രൂപയാണ് വരള്‍ച്ചാ ദുരിതാശ്വസത്തിനുള്ള കേന്ദ്രസഹായമായി സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നത്. ഇതില്‍ കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് അനുവദിക്കാവുന്ന പരമാവധി സഹായം ലഭ്യമാക്കുമെന്ന് സംഘം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ടീമുകളായി തിരിഞ്ഞാണ് രൂക്ഷമായി വരള്‍ച്ച ബാധിച്ച പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിച്ചത്. വരള്‍ച്ചയ്ക്കു പുറമേ ഈ ജില്ലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമവും സംഘത്തിന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരള്‍ച്ച നേരിടാനുള്ള കേന്ദ്രപദ്ധതികള്‍ സംസ്ഥാനം പ്രയോജനപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി ജെ ജോസഫ്, കെ പി മോഹനന്‍ എന്നിവരുമായി നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച നടത്തി. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് സംഘത്തലവന്‍ നരേന്ദ്രഭൂഷന്‍ വ്യക്തമാക്കി.