കെ ജി ജോര്‍ജ്ജിന് ജെ സി ഡാനിയേല്‍ പുരസ്കാരം

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (20:08 IST)
ജെ സി ഡാനിയേല്‍ പുരസ്കാരം കെ ജി ജോര്‍ജ്ജിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. 
 
അടുത്തമാസം 15ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും. ഐ വി ശശി ചെയര്‍മാനായ സമിതിയാണ് ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് കെ ജി ജോര്‍ജ്ജിനെ തെരഞ്ഞെടുത്തത്. 
 
സിബി മലയില്‍, ജി പി വിജയകുമാര്‍, കമല്‍, റാണി ജോര്‍ജ്ജ് എന്നിവരാണ് പുരസ്കാര നിര്‍ണയ സമിതിയിലെ അംഗങ്ങള്‍.
 
ദേശീയ - സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള കെ ജി ജോര്‍ജ്ജ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ഇരകള്‍, പഞ്ചവടിപ്പാലം, യവനിക, ആദാമിന്‍റെ വാരിയെല്ല്, സ്വപ്നാടനം, മറ്റൊരാള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ സിനിമകള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടവയാണ്.

വെബ്ദുനിയ വായിക്കുക