കുട്ടികളുടെ പാര്‍ക്ക്‌ പുനരുജ്ജീവിപ്പിക്കുന്നു

വ്യാഴം, 18 ഏപ്രില്‍ 2013 (20:26 IST)
PRO
PRO
നഗരത്തില്‍ സ്ഥിതിചെയ്യുന്ന കുട്ടികളുടെ പാര്‍ക്ക്‌ നവീകരിക്കുന്നു. വര്‍ണ്ണപുഷ്പങ്ങളും ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും നിറയുന്ന ഹരിതോദ്യാനമായി മാറ്റുകയാണ്‌ ലക്ഷ്യം. നഗരസഭയും പരിസ്ഥിതി സംഘടനയുമായ ട്രീയും സംയുക്തമായാണ്‌ നവീകരിക്കുന്നത്‌.

മൂവാറ്റുപുഴയാറിന്റെ തീരത്താണ്‌ കുട്ടികളുടെ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. കാല്‍നൂറ്റാണ്ട്‌ പിന്നിടുന്ന ആദ്യത്തെ പാര്‍ക്കാണിത്‌. ഓരോ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്തി പാര്‍ക്ക്‌ നവീകരിച്ചെങ്കിലും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവാക്കിയിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന്‌ ആരോപണവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇതിനിടെ പാര്‍ക്കിലെ ഉപകരണങ്ങള്‍ ശ്രദ്ധിക്കാതെ പോയതോടെ തുരുമ്പെടുത്ത്‌ നശിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവിടെ സ്ഥാപിച്ചിരുന്ന ടിവിയും അപ്രത്യക്ഷമായി. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും താവളമായതോടെ പാര്‍ക്ക്‌ ഒഴിവാക്കി ഷോപ്പിംഗ്‌ കോംപ്ലക്സ്‌ നിര്‍മ്മിക്കാന്‍ നഗരസഭ പദ്ധതിയിട്ടെങ്കിലും എതിര്‍പ്പ്‌ ശക്തമായതോടെ ഇതൊഴിവാക്കി. തുടര്‍ന്ന്‌ മൂവാറ്റുപുഴ പട്ടണം സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതി ഏറ്റെടുത്തു.

ട്രീയുമായി ചേര്‍ന്നാണ്‌ പാര്‍ക്ക്‌ പുനരുദ്ധാരണം നടന്നുവരുന്നത്‌. മതിലുകള്‍ വെള്ളപൂശി ചിത്രങ്ങള്‍ ആലേഖനം ചെയ്തുകഴിഞ്ഞു. ആധുനികരീതിയിലുള്ള കളിപ്പാട്ടങ്ങളും ഊഞ്ഞാലുകളും തുടര്‍ ദിവസങ്ങളില്‍ സ്ഥാപിക്കുന്നതോടെ പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തിയാകും. ഈ മാസം 21ന്‌ ജോസഫ്‌ വാഴക്കന്‍ എംഎല്‍എ കുട്ടികളുടെ പാര്‍ക്ക്‌ പ്രവര്‍ത്തനത്തിനായി തുറന്നുകൊടുക്കും.

വെബ്ദുനിയ വായിക്കുക