കിസാന്‍ അഭിമാന്‍ പദ്ധതിക്ക് അംഗീകാരം

ബുധന്‍, 28 ജനുവരി 2009 (12:11 IST)
PROPRO
കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കിസാന്‍ അഭിമാന്‍ പദ്ധതിക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിലൂടെ 10,000 കര്‍ഷകര്‍ക്കാണ്‌ ആദ്യവര്‍ഷം തന്നെ പ്രയോജനം ലഭിക്കുക. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചതാണിത്.

പത്തുവര്‍ഷത്തിലധികം കാര്‍ഷികവൃത്തി ചെയ്‌തവരും കൃഷി ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തവരും മറ്റ്‌ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിക്കാത്തവരുമായ 60 വയസ്‌ കഴിഞ്ഞ കര്‍ഷകര്‍ക്കാണ്‌ ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഇവരുടെ പെണ്‍മക്കള്‍ക്കളുടെ വിവാഹാവശ്യത്തിനായി 25,000 രൂപ വീതം നല്‍കും.

സംസ്‌ഥാനത്ത്‌ പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്‌പാദം വര്‍ദ്ധിപ്പിക്കാനും മില്‍മ പുനസംഘടിപ്പിക്കുന്നതിനു നിര്‍ദ്ദേശം നല്‍കാനും വിദഗ്‌ധ സമിതിയെ നിയോഗിക്കും. പ്രശ്‌സ്ത കാര്‍ഷിക ശാസ്‌ത്രജ്‌ഞന്‍ ആര്‍ ഹേലിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍‍.

വെയര്‍ ഹൗസിംഗ്‌ കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളവും പരിഷക്കരിക്കും. 2006-ലെ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രഖ്യാപിച്ചിട്ടുള്ള ശമ്പള പരിഷ്‌കരണം ആണ് ഇവര്‍ക്കും നടപ്പാക്കുക.

ഇ എം എസ്‌ ഭവനപദ്ധതിക്കായി തദ്ദേശസ്‌ഥാപനങ്ങള്‍ എടുക്കുന്ന വായ്‌പകളുടെ പലിശ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സഹകരണ, ദേശസാത്‌കൃത ബാങ്കുകളില്‍ നിന്ന്‌ എടുക്കുന്ന വായ്‌പകളുടെ പലിശയാണ് സര്‍ക്കാര്‍ അടയ്ക്കുക.

വെബ്ദുനിയ വായിക്കുക