കാര്‍ട്ടൂണിസ്റ്റ് പി കെ എസ്‌ കുട്ടി അന്തരിച്ചു

ഞായര്‍, 23 ഒക്‌ടോബര്‍ 2011 (09:43 IST)
പ്രമുഖ കാര്‍ട്ടൂണിസ്‌റ്റ് പി കെ എസ്‌ കുട്ടി (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്‌ അമേരിക്കയിലെ ടെക്‌സസില്‍ കഴിഞ്ഞദിവസമായിരുന്നു അന്ത്യം.

രാഷ്‌ട്രീയ കാര്‍ട്ടൂണുകളിലൂടെയാണ് കുട്ടി എന്ന പുതുക്കൊടി കൊട്ടുതൊടി ശങ്കരന്‍കുട്ടി ശ്രദ്ധേയനായത്. പ്രമുഖ സാഹിത്യകാരന്‍ സഞ്‌ജയന്റെ പത്രാധിപത്യത്തിലിറങ്ങിയ വിശ്വരൂപത്തില്‍ 1940-ലാണ് കുട്ടിയുടെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഫ്രീ പ്രസ്‌ ജേണല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്‌, ശങ്കേഴ്‌സ് വീക്കിലി, കൊല്‍ക്കത്ത കേന്ദ്രമായ ആനന്ദ്‌ ബസാര്‍ പത്രിക, ആജ്‌കല്‍, ഹിന്ദുസ്‌ഥാന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ തുടങ്ങിയവയ്‌ക്കുവേണ്ടി കുട്ടി കാര്‍ട്ടൂണുകള്‍ വരച്ചു. മാതൃഭാഷയായ മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും കുട്ടി വരച്ചിട്ടുണ്ട്‌. 1997ലാണ് വിരമിച്ചത്. 'ചിരിയുടെ വര്‍ഷങ്ങള്‍: ഒരു കാര്‍ട്ടൂണിസ്റ്റിന്റെ സ്മരണകള്‍' എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.

നാരായണ മേനോന്‍-ലക്ഷ്‌മി അമ്മ ദമ്പതികളുടെ മകനായി 1921 ല്‍ ഒറ്റപ്പാലത്താണു ജനനം‌. ഗൗരി മേനോന്‍ ആണ്‌ ഭാര്യ. മക്കള്‍: നാരായണന്‍, മായ.

വെബ്ദുനിയ വായിക്കുക