ചെറിയനാട് കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ (66) കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ജീവപര്യന്തം തടവു വരെ വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
കേസില്‍ ഒന്നാം പ്രതി ഷെറിനടക്കം നാലുപേരും കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന കൊലക്കുറ്റം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി അറിയിച്ചു.
പ്രതികള്‍ക്ക് എതിരെയുള്ള എല്ലാ തെളിവുകളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. 87 സാഹചര്യ തെളിവുകളും പ്രതികള്‍ക്ക് എതിരാണെന്നും കോടതി കണ്ടെത്തി. കാരണവരുടെ മരുമകള്‍ ഷെറിന്‍ (27), കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലയില്‍ ബാസിത് അലി (24), എറണാകുളം കുറ്റിക്കാട്ടുകര നിധിന്‍ നിലയം നിധിന്‍ (ഉണ്ണി-25), കൊടുങ്ങല്ലൂര്‍ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കില്‍ ഷാനു റഷീദ് (21) എന്നിവരാണു കേസിലെ നാലു പ്രതികള്‍.
തനിക്ക് ഒരു ചെറിയ മകളുണ്ടെന്നും അതിനാല്‍ ശിക്ഷാവിധിയില്‍ ഇളവു വരുത്തണമെന്നും ഷെറിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മറ്റു മൂന്നു പേരും ചെയ്ത തെറ്റില്‍ കുറ്റബോധമുണ്ടെന്നും തങ്ങള്‍ യുവാക്കളായതിനാല്‍ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു വരുത്തണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
2009 നവംബര്‍ എട്ടിനു രാവിലെയായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. കാരണവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌ത ധനനിശ്ചയ ആധാരം റദ്ദുചെയ്‌തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.