മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രനെ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്ഠമായാണ് കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തത്. കെ ഇ ഇസ്മായില്‍ സെക്രട്ടറി പദത്തിലേക്ക് മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മത്സരം വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
ദേശീയ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ എന്നിവരുടെ ഇടപെടലാണ് മത്സരത്തില്‍ നിന്ന് ഇസ്മായിലിനെ മാറ്റിയത്. മുന്‍ സെക്രട്ടറി ആയിരുന്ന പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണയും കാനം രാജേന്ദ്രന് ഉണ്ടായിരുന്നു. താന്‍ ഒരു മത്സരം പ്രതീക്ഷിക്കുന്നില്ലെന്നും കാനം തന്നെ സംസ്ഥാന സെക്രട്ടറിയാകണമെന്നും ഉള്ള കാര്യത്തില്‍ പന്ന്യന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കേരളം പോലുള്ള ഒരു സ്ഥലത്ത് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പിലേക്ക് പോകുന്നത് സി പി ഐക്ക് നല്ലതല്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഗ്രൂപ്പ്, വിഭാഗീയത എന്നിവയിലേക്ക് പാര്‍ട്ടിയെ കൊണ്ടു പോകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്. ദേശീയനേതൃത്വം പറഞ്ഞ പേര് 89 അംഗ സംസ്ഥാന കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.