കാണിക്ക എണ്ണുന്നതിനിടെ മോഷണം; 3 ജീവനക്കാര്‍ക്ക് സസ്പെന്‍‌ഷന്‍

ബുധന്‍, 20 ഫെബ്രുവരി 2013 (12:23 IST)
PRO
PRO
ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിക്കുന്ന മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോതമംഗലം തൃക്കാരിയൂര്‍ ശിവക്ഷേത്രത്തിലാണ് വന്‍ കാണിക്ക മോഷണം നടന്നത്. മോഷണ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം അധികൃതര്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ നോട്ടുകള്‍ മടിക്കുത്തിലേക്ക് ഒളിപ്പിക്കുന്ന ദൃശ്യമാണ് ചാനല്‍ പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ഇവിടെ കാണിക്കപ്പണം എണ്ണുന്നത്. കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇവിടെ പാലിക്കപ്പെടാറില്ലെന്ന് ഭക്തര്‍ ആരോപിച്ചതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണം തട്ടിയെടുക്കുന്നവരില്‍ ഒരാള്‍ വാച്ചറും മറ്റൊരാള്‍ കാരായ്മ ജീവനക്കാരനുമാണ്. ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ നടക്കുന്ന പണമെണ്ണലിനിടെയാണ് പരസ്യ മോഷണം. ഇതിന് പല ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്നാണ് ഭക്തരുടെ ആരോപണം. വേണു എന്നു വിളിക്കപ്പെടുന്ന ആനന്ദ്രാജ്, അശോകന്‍ എന്നിവരാണ് പണം മോഷ്ടിച്ചത്.

ഇവരെക്കൂടാതെ അസി കമീഷണറെയും സസ്പെന്‍ഡുചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കേസ് ലോക്കല്‍ പോലീസിന് കൈമാറാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക