കാട്ടാനയെ കുടുക്കാന്‍ വെച്ച വൈദ്യുതികെണിയില്‍ കുരുങ്ങി ഗൃഹനാഥന്‍ മരിച്ചു

ചൊവ്വ, 27 ജൂണ്‍ 2017 (17:09 IST)
ഗൃഹനാഥന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ വെള്ളപ്പാറ ഒറവിങ്കല്‍ വേശന്റെ മൃതദേഹമാണ്  പൊട്ടക്കിണറ്റില്‍ നിന്ന് ലഭിച്ചത്. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയിലാണ് കാണപ്പെട്ടത്. പഴയന്നൂരിലാണ് ഇത്തരത്തില്‍ നാടിനെ മൊത്തം ഞെട്ടിച്ച സംഭവം നടന്നത്. സംഭവമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുവന്നത്. സഹോദരനെ കാണാന്‍ പുറപ്പെട്ട വേശന്‍ പിന്നീട് മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ജൂണ്‍ 22 മുതല്‍ വേശനെ കാണാനില്ലെന്ന് വീട്ടുകാര്‍ പഴയന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സഹോദരന്‍  ഉണ്ണികൃഷ്ണനെ കാണാന്‍ പോയ വേശന്‍ പിന്നീട് മടങ്ങിവന്നിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. കാട്ടാനയെ പിടിക്കാന്‍ വെച്ച 
വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു വേശന്‍. പുലര്‍ച്ചെ കെണി പരിശോധിക്കാന്‍ എത്തിയപ്പോഴാണ് പ്രതികളില്‍ ഒരാളായ അരുണ്‍ വേശന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളായ ഉണ്ണികൃഷ്ണനും ഏലിയാസും ചേര്‍ന്ന് മൃതദേഹം പൊട്ടക്കിണറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക