കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : വിജ്ഞാപനം മലയാളത്തിലാക്കി അഭിപ്രായം സ്വരൂപിക്കുമെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 19 നവം‌ബര്‍ 2013 (19:22 IST)
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിജ്ഞാപനം വന്നാലുടന്‍ അത് മലയാളത്തിലാക്കി പഞ്ചായത്തുതലത്തില്‍ വരെ എത്തിച്ചു അഭിപ്രായരൂപീകരണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സേവനം ഉറപ്പാക്കും. ഇതിനായി ഓഫീസ് സമയത്ത് വിളിക്കുന്നതിനായി തിരുവനന്തപുരത്ത് 0471-2741134 എന്ന ലാന്‍ഡ് ഫോണ്‍ നമ്പരും ഇരുപത്തിനാല് മണിക്കൂറും വിളിക്കാവുന്ന 9447271034 എന്ന മൊബൈല്‍ നമ്പരും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദഗ്‌ധ സമിതിയോട് ഏവരും സഹകരിക്കണം. പ്രായോഗികമായ എല്ലാ കാര്യങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിയുമെന്ന ബോധ്യം അത്തരക്കാര്‍ക്ക് ഉണ്ടാകണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കും ഒരാശങ്കയും വേണ്ട. ആരേയും കുടിയിറക്കുകയോ കൃഷിക്കും ജീവനോപാധികള്‍ക്കും നഷ്ടമുണ്ടാകുന്ന സാഹചര്യവും ഒരുക്കില്ല. ക്രമേണ കുടിയിറങ്ങേണ്ടിവരുമെന്ന ആശങ്കകള്‍ക്കും അടിസ്ഥാനമില്ലെന്നും ഓരോരുത്തര്‍ക്കും പ്രദേശത്ത് ജീവിച്ചതുപോലെതന്നെ തുടരാന്‍ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഓഫീസ് മെമ്മോറാണ്ടം ആണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. കരടു നോട്ടിഫിക്കേഷന്‍ ഇനി പുറത്തിറങ്ങുകയേയുള്ളൂ. മെമ്മോറാണ്ടത്തില്‍ തന്നെ സംസ്ഥാനത്തിന്റെ അഭിപ്രായം പറയാന്‍ അവസരമുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നങ്ങളെ സമീപിക്കേണ്ട നേതാക്കളും പാര്‍ട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മറ്റു ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ഭയാശങ്കകള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത അഖിലകക്ഷി യോഗത്തില്‍ മൂന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നു. പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളും അവിടെ ബാധകമായ നിയമങ്ങളും സംബന്ധിച്ച് കരട് വിജ്ഞാപനം വന്നാല്‍ മലയാളത്തില്‍ പരിഭാഷ തയ്യാറാക്കി പഞ്ചായത്ത്തലത്തില്‍ വരെ അഭിപ്രായ രൂപീകരണം നടത്തും, കേന്ദ്രത്തിനു സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പഠനംനടത്താന്‍ വിദഗ്‌ധ സമിതിയെ രൂപീകരിക്കും. ശുപാര്‍ശകള്‍ ബാധകമാകുന്ന 123 വില്ലേജുകളിലെ ജനപ്രതിനിധികളും സംഘടനകളുമായി ആലോചിച്ച് അഭിപ്രായം രൂപീകരിക്കും എന്നിവയായിരുന്നു അവ. ഈ മൂന്നു കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നവംബര്‍ 26 മുതല്‍ 29 വരെയും ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയും വിദഗ്ധ സമിതി ബന്ധപ്പെട്ട വില്ലേജുകളില്‍ അഭിപ്രായരൂപീകരണം നടത്തും. മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളെയും സംഘടനകളെയും മറ്റും വിളിച്ച് അഭിപ്രായം സ്വരൂപിക്കും. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ജനസാന്ദ്രത പരിസ്ഥിതിയെ തകര്‍ത്തിട്ടില്ല പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയല്ല മറിച്ച് സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ നയം. ഈ സാഹചര്യത്തില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള വില്ലേജുകളുടെ കാര്യത്തില്‍ പുനപരിശോധന ആവശ്യമാണ്. ഇത്തരത്തില്‍ പരിശോധന നടത്തി എണ്ണം കുറച്ച വില്ലേജുകളെ തന്നെ പരിസ്ഥിതി ലോലവും അല്ലാത്തവയുമായി തരംതരിക്കണം. പ്ലാന്റേഷന്‍ ഏര്യയും വനവും തമ്മില്‍ വേര്‍തിരിച്ച് അറിയാന്‍ കഴിയാത്ത തരത്തിലുള്ള റിമോര്‍ട്ട് സെന്‍സിംഗ് മെത്തേഡ് ആണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സ്വീകരിച്ചത്. ഇത് സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.