കസറ്റഡി മരണം: സര്‍ക്കാര്‍ അപ്പീല്‍ തള്ളി

വെള്ളി, 11 ജൂണ്‍ 2010 (16:05 IST)
PRO
പുത്തൂര്‍ കസ്റ്റഡി മരണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാരും പാലക്കാട് എസ് പിയായിരുന്ന വിജയ് സാഖറെയും നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

കസ്റ്റഡി മരണക്കേസില്‍ വസ്തുതകള്‍ സ്വയം സംസാരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഷീല വധക്കേസില്‍ മൂന്നു ദിവസം കൊണ്ട് അറസ്റ്റ് ചെയ്ത പൊലീസ് എന്തുകൊണ്ട് സമ്പത്തിന്‍റെ മരണത്തില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു.

അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഷീലാ വധക്കേസിലെ പ്രധാന പ്രതിയായ സമ്പത്ത്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച കേസ്‌ ഫലപ്രദമായ നിലയില്‍ ക്രൈം ബ്രാഞ്ച്‌ അന്വേഷിച്ച്‌ വരികയായിരുന്നുവെന്ന്‌ സര്‍ക്കാര്‍ അപ്പിലീല്‍ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച്‌ 29നാണ്‌ പുത്തൂര്‍ സായുജ്യം വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ഷീല കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ സമ്പത്ത്‌ കസ്റ്റഡിയിലിരിക്കെ മരിച്ചത്‌. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായാണ്‌ സമ്പത്ത്‌ മരിച്ചതെന്ന്‌ വ്യക്തമായിരുന്നു. ഇതെ തുടര്‍ന്നാണ്‌ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌. ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസിലെ ഉന്നതരെ രക്ഷിക്കാനുള്ള സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക