കശാപ്പിനായുളള കന്നുകാലി വില്‍പ്പന നിരോധനം നടപ്പാക്കാന്‍ പ്രയാസമുളള തീരുമാനമാണെന്ന് മുഖ്യമന്ത്രി; നിലപാട് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും

ശനി, 27 മെയ് 2017 (11:14 IST)
കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പിലാക്കാന്‍ പ്രയാസമുളള തീരുമാനമാണ് ഇതെന്നും പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാണ് കത്തെഴുതുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
കേന്ദ്രത്തിന്റെ മറുപടിക്കുശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് സംസ്ഥാനം കടക്കുകയുളളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യരാഷ്ട്രത്തിന് പറ്റുന്ന തരത്തിലുള്ള ഒരു തീരുമാനമല്ല ഇത്. കേന്ദ്രസര്‍ക്കാര്‍ അവരുടെ ഇഷ്ടങ്ങളും തീരുമാനങ്ങളും ജനങ്ങളില്‍ അടിച്ചേല്‍പിക്കുകയാണ്. ഈ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ല. ഈ നിരോധനം ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.  

വെബ്ദുനിയ വായിക്കുക