കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണോ എന്ന സംശയം ബലപ്പെടുന്നു. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി അടങ്ങുന്ന കുപ്പി പാഡിയിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാഡി മുഴുവന്‍ കിളച്ചുമറിച്ചുകൊണ്ടുള്ള പരിശോധനയും നടക്കുകയാണ്.
അതിനിടെ, നടന്‍മാരായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും വീണ്ടും ചോദ്യം ചെയ്യുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ മദ്യം കഴിച്ചിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇരുവരും മദ്യപിച്ചതായി മറ്റുചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ പാഡിയില്‍ നിന്ന് മടങ്ങിയ സമയത്തേക്കുറിച്ചുള്ള വ്യക്തത വരുത്താനും വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പൊലീസിന് സാധിക്കും.
അയല്‍വാസിയായ മണികണ്ഠന്‍ എന്നയാള്‍ മണിയെ പൂര്‍ണ ആരോഗ്യവാനായി കണ്ടെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, മണി മരിക്കുന്നതിന്‍റെ തലേദിവസം പാഡിയിലെത്തി മദ്യപിച്ചവരില്‍ തൊടുപുഴയില്‍ നിന്നുള്ള യുവ സംവിധായകനും ഉണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളും നിരീക്ഷണത്തിലാണ്.
മണിയുടെ വസതിയില്‍ വ്യാജമദ്യം എത്തിച്ച ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് പത്തു പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.