കര്‍ഷക കടാശ്വാസ കമ്മിഷന്‍ പ്രശ്നത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വച്ചാണ് പ്രതികരിച്ചതെന്ന് സി.പി.ഐ. ആരോപണം.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഇടതുമുന്നണിയോഗത്തില്‍ പ്രതിഷേധിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഏപ്രില്‍ മാസത്തിലാണ് നിലവില്‍ വന്നത്. ഇക്കഴിഞ്ഞ 20 -0ം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കമ്മിഷനില്‍ ഒമ്പത് ജീവനക്കരെ നിയമിച്ചുകൊണ്ട് തീരുമാനമെടുത്തത്.
20ന് തന്നെ ഇതു സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി ധനവകുപ്പിന് കൈമാറി. എന്നാല്‍ ധന വകുപ്പ് ഫയല്‍ നാല് ദിവസം വച്ച് താമസിപ്പിച്ചുവെന്ന് സി.പി.ഐ ആരോപിക്കുന്നു. തുടര്‍ന്ന് പൊതുഭരണ വകുപ്പിലെത്തിയ ഫയല്‍ അവിടെയും രണ്ട് ദിവസം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
26ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു. അന്നുതന്നെ ഉത്തരവും പുറത്തിറങ്ങി. കര്‍ഷക കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് 26ന് തന്നെ ഉത്തരവിന്‍റെ പകര്‍പ്പ് എത്തിച്ചുകൊടുത്തുവെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് പറയുന്നു.
ഈ ഉത്തരവ് കയ്യിലിരിക്കെയാണ് കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍റെ വിമര്‍ശനവും അതിന് അനുകൂലിച്ചുകൊണ്ടുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഉണ്ടായതെന്നാണ് സി.പി.ഐയുടെ ആക്ഷേപം. തുടര്‍ച്ചയായി രണ്ടുതവണ ചെയര്‍മാനെ അനുകൂലിച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചത് തങ്ങളുടെ മന്ത്രിമാരെ ഒതുക്കാനുള്ള സി.പി.എമ്മിന്‍റെ ആസൂത്രിതമായ നീക്കമാണെന്ന് സി.പി.ഐ പറയുന്നു.
മൂന്നാര്‍ ഒഴിപ്പിക്കലിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്തത് പോലെ കര്‍ഷക കടാശ്വസ കമ്മിഷന്‍റെ ക്രെഡിറ്റും ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് സി.പി.ഐ പരാതി. അടുത്ത ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയുള്ള പ്രതിഷേധം ഉന്നയിക്കാനാണ് സി.പി.ഐ തീരുമാനം.