കരുണാ എസ്റ്റേറ്റിന് നികുതി അടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം: എതിര്‍പ്പുമായി വി എം സുധീരന്‍

ബുധന്‍, 16 മാര്‍ച്ച് 2016 (14:16 IST)
കരുണാ എസ്റ്റേറ്റിന് നികുതി അടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിവാദങ്ങള്‍ക്ക് അവസരം നല്‍കാതെ ഉത്തരവ് നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കോടതി ഉത്തരവ് പരിഗണിച്ച് ഭേദഗതികളോടെ പുതിയ ഉത്തരവിറക്കും.
 
കരം അടയ്ക്കുനുള്ള അവകാശം ലഭിക്കുന്നത് കൊണ്ട് വസ്തുവിന്റെ ഉടമസ്ഥാവകാശം നിയമപരമായി ലഭിക്കുന്നില്ല എന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. അതേസമയം തിരുവനന്തപുരം വി എം സുധീരന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.
 
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കരുണ എസ്റ്റേറ്റിലെ 833 ഏക്കറിനു കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ രംഗത്തെത്തിയിരുന്നു. ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും റവന്യു, ആഭ്യന്തരം, വനം മന്ത്രിമാർക്കും സുധീരൻ വിശദമായ കത്തും നൽകിയിരുന്നു.
 
അധികാരം ഒഴിയാനിരിക്കെ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റ നേതൃത്വത്തില്‍ എടുത്ത തീരുമാനം യു ഡി എഫിലടക്കം വ്യാപക വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. അതേസമയം, ഒരു ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് ഇത്തരത്തില്‍ കോടതികളില്‍ കേസ് നിലനില്‍ക്കുകയാണ്. കരുണാ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിന് തടസമാകുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.
 
അതേസമയം അടൂര്‍പ്രകാശനെതിരെ വിമര്‍ശനവുമായി വി എം സുധീരന്‍ രംഗത്തെത്തി. ഇത്തരം മന്ത്രിമാരെ ചുമക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടികൊടുക്കുകയാണ് അടൂര്‍പ്രകാശനെപ്പോലുള്ളവര്‍ ചെയ്യുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക