കരുണാകരനുമായി ഇന്ന് ചര്‍ച്ച

വെള്ളി, 30 നവം‌ബര്‍ 2007 (10:07 IST)
കെ.കരുണാകരന്‍ ഡി.ഐ.സി വിട്ട് എന്‍.സി.പിയിലേക്ക് വന്ന നേതാക്കളുമായി ഇന്ന് ആശയവിനിമയം നടത്തും. തന്‍റെ വീട്ടിലെത്താന്‍ കരുണാകരന്‍ നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.

കോണ്‍‌ഗ്രസിലേക്ക് മടങ്ങുന്ന കാര്യം വിശദീകരിക്കാനാണ് യോഗം. കോടോത്ത് ഗോവിന്ദന്‍ നായര്‍, ടി.വി. ചന്ദ്രന്‍, പീതാംബരകുറുപ്പ് തുടങ്ങിയ നേതാക്കളെയാണ് കരുണാകരന്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള സാഹചര്യം കരുണാകരന്‍ നേതാക്കളോട് വിശദീകരിക്കും.

കരുണാകരനുമായി ചര്‍ച്ച നടത്തുന്നതിന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട നേതാക്കള്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുരളീധരന്‍ പറയുന്നത്.

എന്‍.സി.പിയുടെ നിര്‍വ്വാഹക സമിതിയോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഇതില്‍ ചര്‍ച്ച ചെയ്തേക്കും.

വെബ്ദുനിയ വായിക്കുക